
ബദർ; ആണ്ടനുസ്മരണങ്ങൾ അനിസ്ലാമികമോ?
ഇസ്ലാമിക ചരിത്രത്തിൽ എക്കാലത്തും സ്മരിക്കപ്പെടുന്ന മഹത്തുക്കളാണ് ബദരീങ്ങൾ. പരിശുദ്ധ ദീനിന്റെ സംസ്ഥാപനത്തിനു വേണ്ടി തങ്ങളുടെ ശരീരങ്ങൾ സമർപ്പിച്ച മഹാത്മാക്കളെ ഓർമിച്ചുകൊണ്ട് നമ്മുടെ നാടുകളിൽ റമദാൻ 17നു സംഘടിപ്പിക്കുന്ന ബദർ ആണ്ട് അനുസ്മരണ പരിപാടികൾ ബിദഅത്താണെന്നും ഇസ്ലാമിക വിരുദ്ധമാണെന്നും പൊതുവേ പുത്തൻ വാദികൾ പ്രചരിപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ എന്താണ് ഈ പരിപാടികൾ എന്ന് മനസ്സിലാകാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള വാദഗതികൾ രൂപം കൊള്ളുന്നത്.
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക, മഹാത്മാക്കളായ ബദരീങ്ങളുടെ അനുസ്മരണം, അന്നദാനം തുടങ്ങിയ സൽകർമങ്ങളാണ് ബദർ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം. ഇത്തരം കാര്യങ്ങൾ പുത്തനാചാരമോ അനിസ്ലാമികമോ ആണെന്ന് പറയാൻ ഒരിക്കലും സാധിക്കില്ല. പിന്നെങ്ങനെയാണ് ബദർ ദിന പരിപാടികൾ ബിദ്അത്തായി മാറുന്നത്.
ഇസ്ലാമിക പ്രമാണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം:- നബി ﷺയും സ്വഹാബത്തും ഒരോ വർഷവും ബദർ ശുഹാദക്കളെ സ്മരിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.
عن محمد بن ابراهيم التيمي قال كان النبي صلى الله عليه وسلم ياتي قبور الشهداء عند راس الحول فيقول السلام عليكم بما صبرتم الدار فنعم عقبى الدار قال وكان ابو بكر وعمر وعثمان يفعلون ذلك (مصنف عبد الرزاق 4/279,تفسير الطبري 16/426, تفسير الرازي 19/37, تفسير النيسابوري 4/155, الدرالمنثور 4/641,الكشف و البيان عن تفسير القران 5/287)
നബിതങ്ങൾ ശുഹദാക്കളുടെ ഖബറുകളിലേക്ക് അവരുടെ ആണ്ടു ദിവസങ്ങളിൽ വരികയും അവരുടെ മേൽ സലാം പറയുകയും അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്രകാരം അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരും ചെയ്തിട്ടുണ്ട്.
പിൽക്കാലത്ത് മറ്റു സ്വഹാബികളും ഈ ദിവസത്തിന് വലിയ പവിത്രത നൽകിയതായി നമുക്ക് കാണാം
كان زيد بن ثابت يعظم سابعة عشر ويقول هي وقعة البدر (دلائل النبوة البيهقي 3/127, تاريخ الطبري 2/420, سير أعلام النبلاء 1/307)
സ്വഹാബി പ്രമുഖനായ സൈദ് ബ്നു സാബിത്(റ) റമളാൻ പതിനേഴിന്റെദിവസത്തെ ആദരിക്കുമായിരുന്നു. അവിടുന്ന് പറയും ഈ ദിവസം ബദ്ർ നടന്ന ദിനമാണ്.
عَنْ خَارِجَةَ بْنِ زَيْدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّهُ كَانَ يُحْيِي لَيْلَةَ سَبْعَ عَشْرَةَ مِنْ شَهْرِ رَمَضَانَ، وَإِنْ كَانَ لَيُصْبِحُ وَعَلَى وَجْهِهِ أَثَرُ السَّهَرِ، وَيَقُولُ: فَرَّقَ اللَّهُ فِي صَبِيحَتِهَا بَيْنَ الْحَقِّ وَالْبَاطِلِ، وَأَعَزَّ فِي صُبْحِهَا الإِسْلامَ، وَأَنْزَلَ فِيهَا الْقُرْآنَ، وَأَذَلَّ فِيهَا أَئِمَّةَ الْكُفْرِ.( تاريخ الطبري 2/420)
സൈദ് ബ്നു സാബിത്(റ) റമളാൻ 17 ന്റെ രാത്രികൾ ഹയാതാക്കുമായിരുന്നു. സുബ്ഹിയുടെ സമയം അദ്ദേഹത്തിന്റെ മുഖത്ത് അതിന്റെ അടയാളങ്ങൾ കാണാൻ സാധിക്കും. അവിടുന്ന് പറയും: "ഈ പ്രഭാതത്തിലാണ് അല്ലാഹു സത്യവും അസത്യവും വേർതിരിച്ചത്, ഇസ്ലാമിന് ഇസ്സത് ലഭിക്കുകയും അവിശ്വാസത്തിന്റെ അമരക്കാരെ പരാജയപ്പെടുത്തിയതും ഈ ദിനത്തിലാണ്.
ബദ്രീങ്ങളെ മദ്ഹ് ചെയ്യൽ أَخْرَجَ الْبُخَارِيُّ عَنِ الرُّبَيّعِ بِنْتِ مُعَوِّدٍ، قَالَتْ: دَخَلَ عَلَيَّ النَّبِيُّ غَدَاةَ بُنِي عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، وَجُوَيْرِيَاتٌ يَضْرِبْنَ بِالدُّفْ، يَنْدُبْنَ مَنْ قُتِلَ مِنْ آبَائِهِنَّ يَوْمَ بَدْرٍ، حَتَّى قَالَتْ جَارِيَةٌ: وَفِينَا نَبِيُّ يَعْلَمُ مَا فِي غَدٍ. فَقَالَ النَّبِيُّ : لا تَقُولِي هَكَذَا وَقُولِي مَا كُنْتِ تَقُولِينَ (صحيح البخاري 4001)
റുബയ്യിഅ്(റ) പറയുന്നു: എന്റെ വിവാഹ ദിനം മുത്ത്നബി വീട്ടിൽ വരികയും എന്റെ വിരിപ്പിൽ വന്നിരിക്കുകയും ചെയ്തു. അപ്പോൾ ചെറിയ പെൺകുട്ടികൾ ബദ്ർ യുദ്ധത്തിൽ ശഹീദായ അവരുടെ പിതാക്കന്മാരുടെ മദ്ഹുകൾ പാടുകയും ദഫ് മുട്ടുകയും ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെ അവരിലൊരു കുട്ടി ബദ്രീങ്ങളുടെ മഹത്വങ്ങൾ പറയുന്നത് നിർത്തി "നാളെ നടക്കാനിരിക്കുന്ന കാര്യങ്ങൾ അറിയുന്ന പ്രവാചകർ ഞങ്ങളിലുണ്ടെന്ന്" തുടങ്ങുന്ന നബിയുടെ മദ്ഹ് പാടാൻ തുടങ്ങിയപ്പോൾ നബി പറഞ്ഞു. "നിർത്തൂ... ആദ്യം പാടിയ (ബദരീങ്ങളുടെ) മദ്ഹുകൾ തന്നെ തുടരുക!" മുത്ത് നബി തന്നെ ബദരീങ്ങളുടെ മദ്ഹുകൾ പാടാൻ കൽപ്പിക്കുന്ന കാഴ്ചയാണ് ചരിത്രത്തിന്റെ സാക്ഷ്യം!
മരണപ്പെട്ടവർക്ക് വേണ്ടിയുള്ള സ്വദഖ عَنْ عَائشَةَ أَنَّ رَجُلًا أَتَى النَّبِيَّ ﷺ فَقَالَ: يَا رَسُولَ اللهِ إِنَّ أُمِّيَ افْتُلِتَتْ نَفْسَهَا وَلَمْ تُوصِ وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ أَفَلَهَا أَجْرُ إِنْ تَصَدَّقْتُ قال نعم( صحيح البخارى 1778)
ഒരാൾ നബിയോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരിച്ചു. എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യാൻ അവർക്ക് അവസരം ലഭിച്ചില്ല. വല്ലതും സംസാരിച്ചിരുന്നുവെങ്കിൽ എന്തെങ്കിലും അവർ ദാനം ചെയ്യുമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇനി ഞാൻ അവർക്കുവേണ്ടി വല്ലതും ദാനം ചെയ്താൽ അവർക്ക് പ്രതിഫലം ലഭിക്കുമോ? നബി പറഞ്ഞു: “അതെ”
ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കൽ ومن المعلوم أن الناذرين للمشايخ والأولياء لا يقصدون تمليكهم لعلمهم بوفاتهم ، وإنما يتصدقون عنهم أو يعطون خدامهم ، فهو حينئذ قربة.(بغية المسترشدين -1/564)
മഹാന്മാരായ ഔലിയാക്കൾക്കും മശാഇഖമാർക്കും നേർച്ചയാക്കുന്നത് പുണ്യകർമ്മമാണെന്ന് സാരം.
അതുകൊണ്ട്, നൂറ്റാണ്ടുകളായി നാം നടത്തിവരാറുള്ള ബദർ ദിന പരിപാടികൾക്ക് ഇസ്ലാമിക പ്രമാണത്തിന്റെ പിന്തുണ എത്രത്തോളം ആണെന്ന് മേൽ കുറിപ്പിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇതെല്ലാം അറിഞ്ഞിട്ടും വിശ്വാസികളുടെ സൽപ്രവർത്തനങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്ന കുബുദ്ധികൾ റമദാനിൽ ബന്ധിക്കപ്പെട്ട പിശാചുക്കളുടെ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തു നടത്തുന്നത്. പാരമ്പര്യ ഇസ്ലാമിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന വിശ്വാസികൾക്ക് ബദറും ബദരീങ്ങളും മഹത്വത്തിന്റെ മഹാദർശനങ്ങളാണ്.
