
ലഹരി മയക്കിയ യുവതലമുറയുടെ ദുരവസ്ഥയെക്കുറിച്ച് നാം നിരന്തരം വായിക്കുന്നവരാണ്. ഭാവിയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ യാതൊരുവിധ ബോധവുമില്ലാതെ ലക്കുകെട്ട് നടക്കുന്ന തലമുറ എന്തിനാണെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഓരോരുത്തരും ലഹരിക്കടിമപ്പെടുന്നത് വ്യത്യസ്ഥ സാഹചര്യങ്ങളിലാണ്. കൂട്ടുകെട്ടും കുടുംബപശ്ചാത്തലവും തെറ്റായ സാമൂഹിക ഇടപെടലുകളും പലരെയും വഴിതെറ്റിക്കുന്നു. ലഹരിയുടെ അമിത ഉപഭോഗം വ്യക്തികൾക്കപ്പുറം സമൂഹത്തെയാകെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളിലുൾപ്പെടെ ലഹരി ഉപയോഗം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ലഹരി മൂലമുള്ള കുറ്റകൃത്യങ്ങളുടെ കണക്കിലെ വർദ്ധനവ് ലഹരിയിലേക്ക് സമൂഹത്തെ നയിക്കുന്ന കാരണങ്ങളെ കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
വിനോദാസ്വാദനങ്ങൾക്കായി സമൂഹം തിരഞ്ഞെടുത്ത മേഖലകളിൽ മുഖ്യമായൊന്നാണ് സിനിമ. ദൃശ്യാവിഷ്കാരങ്ങളിലൂടെ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മുന്നേറിയ സിനിമക്ക്, ജനങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്താനായി എന്നുള്ളത് വിസ്മരിക്കാവുന്നതല്ല. സിനിമകൾക്കനുസരിച്ച് സമൂഹത്തിൽ മാറിവരുന്ന ഭാഷാപ്രയോഗങ്ങളും ട്രെന്ഡുകളും ഇതിന്റെ സ്വാധീനഫലമായാണ്. കൂടാതെ, സിനിമ യുവാക്കളുടെ സംസ്കാരത്തെ തന്നെ സ്വാധീനിക്കുന്നുവെന്ന് പറയാം. 'സ്വന്തം സംസ്കാരത്തിൽ നിന്ന് മാറി വിദേശ സംസ്കാരങ്ങൾ പിന്തുടരാൻ യുവാക്കളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. പുരികം,നാവ്,വായ എന്നിവയിൽ മോതിരം ധരിക്കുന്നത് പോലെയുള്ള വിദേശ സംസ്കാരം ഇതുവഴി ഇവർ സ്വീകരിക്കുന്നു¹'. ലഹരി ഉപയോഗത്തിലും സിനിമയുടെ സ്വാധീനം കുറവൊന്നുമല്ല. 'പുകവലി,മയക്കുമരുന്ന് ഉപയോഗം,നിശാ പാർട്ടികളിലെ മദ്യപാനം, ബലാത്സംഗരംഗങ്ങൾ തുടങ്ങിയ സിനിമാ രംഗങ്ങൾ യഥാർത്ഥ ജീവിതത്തിൽ പരീക്ഷിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു വെന്നതാണ് സത്യം²'.
മദ്യപിക്കുന്നത്തിന്റെയും പുകവലിക്കുന്നത്തിന്റെയും ഒരൊറ്റ സീൻ പോലുമില്ലാത്ത സിനിമകൾ തുലോം കുറവാണ്.സ്ക്രീനിൽ ഇത്തരം സീനുകൾ ആവർത്തിച്ചാവർത്തിച്ച് കാണിച്ചു പ്രേക്ഷകർക്ക് ഇതിനോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നു. ഇത് സ്വാഭാവികമാണെന്നും ഒന്ന് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്തവർ ഏതോ അപരിഷ്കൃതരുമായിട്ടാണ് സ്ക്രീനിൽ പരിചയപ്പെടുത്തുന്നത്. 'നിരന്തരം ഇത്തരം സീനുകൾ കാണിക്കുക വഴി, വിലക്കപ്പെട്ട അനുഭൂതികൾ പ്രേക്ഷകന് നൽകുവാനും അതോടൊപ്പം തന്നെ അവയുണർത്തുന്ന പാപബോധത്തിൽ നിന്ന് അവരെ വിമുക്തരാക്കുവാനും സിനിമയ്ക്ക് അതിന്റെ സാങ്കേതികതയുടെ സഹകരണമുണ്ട്³'.ഇതുവഴി ലഹരി വസ്തുക്കളുടെ ഉപഭോഗം പ്രേക്ഷകരുടെ മനസ്സിൽ ഒരാഗ്രഹമായി അവശേഷിക്കുന്നു. തങ്ങളുടെ ഇഷ്ട കഥാപാത്രങ്ങൾ വ്യത്യസ്തങ്ങളായ രീതിയിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന രംഗങ്ങൾ കൂടി വരുന്നതോടെ ലഹരിയോടുള്ള അഭിനിവേശം പ്രേക്ഷകരിൽ വർദ്ധിക്കുന്നു.
ജീവിതത്തിൽ സങ്കടമോ തകർച്ചയോ ഉണ്ടാകുമ്പോൾ നാം എന്താണ് സാധാരണ ചെയ്യാറ്? സിനിമയിലാണെങ്കിൽ കഥാപാത്രം മദ്യപാനത്തിലോ മറ്റേതെങ്കിലും ലഹരിയിലോ അഭയം കണ്ടെത്തിയിരിക്കും. സന്തോഷം വരുമ്പോഴും അവസ്ഥ മറ്റൊന്നല്ല. തന്റെ കൂട്ടുകാരെയും കൂട്ടി മദ്യപിച്ചിരിക്കുന്ന കഥാപാത്രങ്ങൾ സമൂഹത്തിനു നൽകുന്നത് അത്ര നല്ല പാഠങ്ങളല്ല. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെ ചിത്രീകരിക്കുന്നതിൽ സിനിമകൾ വരുത്തിയ പിഴവ് 30 ശതമാനം യുവാക്കളുടെ മദ്യപാന, മയക്കുമരുന്നുപയോഗ ത്തിന് കാരണമാകുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.
അഭിനയം മാത്രമല്ലിത്
കലാസൃഷ്ടികളുടെ സാമൂഹികപ്രതിബദ്ധത വളരെ പ്രസക്തമാണ്. സാമൂഹികമായും സാംസ്കാരികമായും അവ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.മികച്ച കലാസൃഷ്ടികൾ അവ രചിക്കപ്പെടുന്ന കാലഘട്ടത്തിലൊതുങ്ങാതെ യുഗങ്ങൾക്ക് ശേഷവും സ്മരിക്കപ്പെടുന്നു. ഷേക്സ്പിയറെ ലോകം ഇന്നും ഓർമിക്കുന്നത് അദ്ദേഹത്തിന്റെ മികച്ച കലാസൃഷ്ടികൾ കാരണമാണ്. സാമൂഹിക, സാംസ്കാരിക മാറ്റങ്ങൾക്കും ജനങ്ങളിൽ സമൂലമായ വ്യതിയാനങ്ങൾക്കും കലാസൃഷ്ടികൾക്കു കഴിവുണ്ടായിരിക്കെ, അവകൾ പ്രോത്സാഹനം നൽകുന്നത് അധാർമികതയും അരാജകത്വവുമാണെങ്കിൽ അത് ലോകത്തെ ഉയർച്ചയിൽ നിന്ന് തകർച്ചയിലെത്തിക്കും. മറിച്ച്, നന്മക്കും അനീതിക്കെതിരെയുള്ള വിചിന്തനങ്ങൾക്കും നൽകുന്ന പ്രോത്സാഹനങ്ങൾ ഒരുപക്ഷേ നീതിയെ വെളിച്ചത്തുകൊണ്ടുവരാൻ സാഹായിച്ചേക്കാം.
സമകാലിക സിനിമകളെ ഈയൊരു ലേബലിൽ ചർച്ച ചെയ്യുമ്പോൾ കാര്യങ്ങൾ അത്ര തൃപ്തികരമല്ലെന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും പല സിനിമകളും "സർഗ്ഗസൃഷ്ടികൾ" എന്ന നാമകരണത്തിനു പോലും യോജിക്കാത്തവയാണ്. വിദേശ സിനിമകളും സ്വദേശ സിനിമകളും ഈ വിഷയത്തിൽ തുല്യമാണ്.അമേരിക്കൻ സിനിമകളിൽ ഏറ്റവും കൂടുതൽ ചിത്രീകരിക്കുന്നത് മദ്യപാന രംഗങ്ങളാണ്. ഓരോ 112 മിനിറ്റിലും ഒരു ഇലിസിറ്റ് ഡ്രഗ്(Illicit drug) ഉപയോഗ രംഗവും ഓരോ 57 മിനിറ്റിലും ഒരു പുകവലി രംഗവും ചിത്രീകരിക്കുമ്പോൾ, ഓരോ 22 മിനിറ്റിലും ഒരു രംഗം ചിത്രീകരിക്കുന്നുവെന്നാണ് കണക്ക്.മാത്രമല്ല, ചിത്രീകരിക്കുന്ന മദ്യപാന രംഗങ്ങളിൽ മൂന്നിൽ ഒന്നും നർമ്മപരമായിട്ടുള്ളവയണ്. ഇത് പ്രേക്ഷകരിൽ മദ്യപാനത്തോടുള്ള അതൃപ്തി തോന്നിക്കാനുള്ള സാധ്യത വെറും 23 ശതമാനം മാത്രമാണ് ⁴.
ഇന്ത്യൻ സിനിമകളുടെ സ്വഭാവവും മറിച്ചല്ല. 2000-2010 കാലയളവിൽ നിർമ്മിച്ച ഇന്ത്യൻ സിനിമകൾ ലഹരി ഉപയോഗത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാൻ നടത്തിയ പഠനങ്ങൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കുവെക്കുന്നത്. നായക കഥാപാത്രങ്ങൾ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സിനിമാ രംഗങ്ങൾ സമൂഹത്തെ അതിനു പ്രേരിപ്പിക്കുന്നു വെന്നും(74%) ഇതുവഴി പുകവലിയും മദ്യപാനവും തികച്ചും സാധാരണവും ട്രെൻഡുമാണെന്ന തോന്നൽ സമൂഹത്തിലുണ്ടായെന്നും (66%) സിനിമയിലെ മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും രംഗങ്ങൾ സമൂഹത്തെ വലിയതോതിൽ ബാധിച്ചിട്ടുണ്ടെന്നും(74%) പഠനത്തിൽ നിന്ന് വ്യക്തമായി⁵.
സിനിമകൾ കാണുന്നവർ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാണ്. പുതുതായി ലഹരി ഉപയോഗത്തിന് സിനിമകൾ കാരണമായിരിക്ക തന്നെ, ലഹരിക്കും മയക്കുമരുന്നുകൾക്കും അടിമപ്പെട്ടവർക്ക് അവയുടെ പുത്തൻ ഉൽപ്പന്നങ്ങളും ഉപയോഗരീതികളും സിനിമകൾ പരിചയപ്പെടുത്തുന്നു. ലഹരി ഉപയോഗ സീനുകൾ ഉൾപ്പെടുത്തിയ സിനിമകൾ കാണുന്നവർ ഇത്തരം സീനുകൾ ഉൾപ്പെടുതാത്ത സിനിമകൾ കാണുന്നവരെക്കാൾ ലഹരി ഉപയോഗത്തിന് താല്പര്യപ്പെടുന്നുവെന്നിരിക്കെ⁶, സിനിമകൾക്ക് ആളുകളെ ലഹരിക്കും മയക്കു മരുന്നുകൾക്കും അടിമയാക്കുന്നതിൽ വ്യക്തമായ സ്വാധീനമുണ്ടെന്നുറപ്പിക്കാം.
കൊളംബിയ യൂണിവേഴ്സിറ്റി ആർ-റേറ്റഡ്(R-rated) സിനിമകൾ കാണുന്ന കൗമാരക്കാരിലും അല്ലാത്തവരുമായി നടത്തിയ പഠനവും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. മാസത്തിൽ മൂന്നിലധികം ആർ-റേറ്റഡ് സിനിമകൾ കാണുന്ന കൗമാരക്കാർ മറ്റുള്ളവരെക്കാൾ മദ്യപാനത്തിന് താല്പര്യപ്പെടാൻ അഞ്ച് മടങ്ങ് സാധ്യത കൂടുതലാണ്. അപ്രകാരം തന്നെ ഇവർ കഞ്ചാവ് ഉപയോഗിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ ആറ് മടങ്ങ് അധികമാണ്⁴. ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ ആധിക്യം സിനിമകളിൽ കൂടുതൽ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കി. സെൻസർഷിപ്പിന്റെ വിലക്കുകളില്ലാത്തതിനാൽ എന്തും, എത്രയും കാണിക്കാമെന്നുള്ള അധികാരം ആരും ചോദ്യം ചെയ്യുകയുമില്ല.
കലയല്ല, തികഞ്ഞ കമ്പോളം
'ഏറ്റവും കൂടിയ മൂലധനനിക്ഷേപം ആവശ്യമായി വരുന്ന സംസ്കാര വ്യവസായത്തിന്റെ ഒരു ഉത്പന്നമെന്ന നിലക്ക് മറ്റേത് കലാസൃഷ്ടികളേക്കാളുമേറെ സിനിമയെ കണിശമായ കമ്പോള നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരാൻ വിപണി വ്യവസ്ഥയ്ക്ക് സാധിക്കും³'. യഥാർത്ഥത്തിൽ ഇന്ന് പല സിനിമകളിലും നടക്കുന്നത് ഇതുതന്നെയാണ്. കലയിൽ നിന്ന് മാറി സിനിമ കമ്പോളവൽക്കരിക്കപ്പെട്ടെന്നത് സത്യമാണ്. എങ്കിലും, കേവലം ലഹരി ഉപയോഗത്തിന്റെ പരസ്യങ്ങൾ സിനിമ മാറിയെന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. വ്യക്തികത,രാഷ്ട്രീയ താൽപര്യങ്ങൾ സ്വാധീനിക്കുന്നതിനേക്കാൾ അപകടകരമാണ് ലഹരിമാഫിയ സിനിമകളുടെ സിനിമയിലെ സ്വാധീനം.
'ഇന്ന് പല സംവിധായകൻ മാരും സിനിമകൾ നിർമ്മിക്കുന്നത് സാമ്പത്തിക ലാഭം നോക്കി മാത്രമാണ്. അതുകൊണ്ടുതന്നെ മദ്യവും മയക്കുമരുന്നും ന്യൂജൻ ജീവിതങ്ങളും മാത്രമായിരിക്കും അവരുടെ കഥാസന്ദർഭങ്ങൾ⁷'.ഇങ്ങനെ നിർമ്മിക്കപ്പെടുന്ന സിനിമകൾ സമൂഹത്തിൽ വരുത്തുന്ന സ്വാധീനത്തെക്കുറിച്ച് നാം മുന്നേ സംസാരിച്ചതാണ്. കമ്പോളവൽക്കരത്തിന്റെ സ്വാധീനം സിനിമകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. 'ആഹാരം, വസ്ത്രം, വിനോദം, വിശ്രമം, പ്രണയം, രതി തുടങ്ങിയ താരതമ്യേന സാംസ്കാരിക സംവർഗ്ഗങ്ങളായി പരിഗണിക്കാവുന്ന മനുഷ്യൻ വ്യവഹാരങ്ങൾ സമകാലിക സമ്പത്വ്യവസ്ഥയിൽ വ്യവസായിക സംവർഗ്ഗങ്ങളായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു. അതുകൊണ്ട് പ്രസ്തുത ഭാഗങ്ങളെയും വ്യവഹാരങ്ങളെയും അവലംബിച്ച് സൃഷ്ടിക്കപ്പെടുന്ന രചനകൾ സർഗ്ഗസൃഷ്ടികൾ എന്നതിലുപരി വ്യാവസായിക ഉത്പന്നങ്ങൾ ആയി തന്നെയാണ് പരിഗണിക്കപ്പെടുന്നത്. ഈ പരിണാമ പ്രക്രിയയ്ക്ക് പൂർണ്ണമായും വിധേയമായ ഒരു സാംസ്കാരിക ഉല്പന്നമാണ് നമ്മുടെ കാലത്ത് സിനിമ³'.
ബോക്സ് ഓഫീസുകളിലെ തകർപ്പൻ വിജയങ്ങൾ വഴി മികച്ച സാമ്പത്തിക ലാഭം നേടുക എന്ന ലക്ഷ്യം മാത്രമായി സിനിമകൾ മാറിയത് ലഹരിമാഫിയകൾക്ക് കൂടുതൽ സൗകര്യപ്രദമായി. കൃത്യമായ ഫണ്ടിങ്ങും ഇടപെടലുകളും കാര്യങ്ങൾ അവരുടെ വഴിക്കു തിരിച്ചുവിട്ടു. ലഹരി, മയക്കുമരുന്ന് വസ്തുക്കളുടെ പരസ്യങ്ങൾക്കായി ഓരോ വർഷവും ഏകദേശം 25 ബില്യൺ ഡോളറിലധികം കമ്പനികൾ ചെലവഴിക്കുന്നുവെന്നാണ് കണക്ക്⁴. പത്ര, സോഷ്യൽ മീഡിയകളിൽ മാത്രമായി ഇവരുടെ പരസ്യ പരിസരം ഒരുങ്ങുന്നില്ലെന്നതാണ് സമകാലിക സംഭവങ്ങൾ സൂചിപ്പിക്കുന്നത്. മറിച്ച് ജനങ്ങളുടെ വികാരവിചാരങ്ങളെ കൃത്യമായി സ്വാധീനിക്കുന്ന സിനിമയെ പൂർണമായും ഇതിനായി ഇവർ ഉപയോഗപ്പെടുത്തുന്നു
'രാസ ലഹരി ഉപയോഗിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ജനപ്രിയ സിനിമകളിൽ ഉൾപ്പെടുത്തിയാൽ നിർമാണ ചെലവിൽ ഒരു വിഹിതം നൽകി സഹകരിക്കാൻ ലഹരി സംഘങ്ങൾ തയ്യാറാണ്. ഇത്തരത്തിലുള്ള രംഗങ്ങൾ ബോധപൂർവ്വം ഉൾപ്പെടുത്താനായി സമീപകാലത്ത് സൂപ്പർഹിറ്റായ തെന്നിന്ത്യൻ സിനിമയുടെ തിരക്കഥയിൽ തന്നെ മാറ്റം വരുത്തുകയും ചെയ്തു⁸'. ഓരോ ദിനവും പുലരുന്നത് പുത്തൻ ലഹരി വാർത്തകളുമായാണ്. നിത്യോപയോഗസാധനങ്ങളുടെ ലേബലിൽ വരെ ലഹരികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മാതാപിതാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധ തന്നെ വലിയ പിഴവുകൾക്ക് കാരണമാകും. ജാഗ്രതയും കൃത്യമായ അവബോധവും യാഥാർഥ്യത്തെയും ഫിക്ഷനെയും വേർതിരിച്ചറിയാനുള്ള വകതിരിവും ഒരു പരിധിവരെ ലഹരി ഉപയോഗത്തെ തടയാൻ തുണക്കും.
അവലംബം
1. Rashatbekovna, Ishanbekova N. The Impact of Cinema on Today's Youth.
2. Hrishikesh Ingle, Ravindra Kumar Vemula.Representation and social construction of HIV and AIDS in the mainstream Hindi cinema in India: A study on the discourses of normative sexual health.
3. രവീന്ദ്രൻ.സിനിമ സമൂഹം പ്രത്യയശാസ്ത്രം. മാതൃഭൂമി
4. Victor C Strasburger.Children, adolescents, substance abuse, and the media.
5. Santosh Kumar Gautam.Portrayal of drugs and alcohol in Indian cinema: A reflection of cultural practices in the twenty-first century.
6. Renske Koordeman, Doeschka J Anschutz, Rick B van Baaren, Rutger CME Engels.Effects of alcohol portrayals in movies on actual alcohol consumption: an observational experimental study.
7. Tejaswini Ganti.And yet my Heart is still Indian.
8. മലയാള മനോരമ,15 സെപ്റ്റംബർ 2022.
